"വാങ്ങിയവര്‍ പെട്ടു, അവകാശവാദങ്ങള്‍ക്ക് ബ്രേക്ക്‌; കേരളത്തിന്റെ ഇ-ഓട്ടോ പെരുവഴിയില്‍"

 


June 16, 2023

ഇലക്ട്രിക് യുഗത്തിലേക്ക് ടോപ് ഗിയറിലാണ് ഇന്ത്യന്‍ വാഹനലോകം. സ്വകാര്യ വാഹന നിര്‍മാതാക്കളെല്ലാം ഇലക്ട്രിക് വാഹനത്തിലേക്ക് തിരിഞ്ഞു. ഇലക്ട്രിക് മോഡിലേക്ക് ചുവടുമാറ്റി ഓട്ടോ റിക്ഷ നിര്‍മിച്ചിരുന്ന പ്രമുഖ കമ്പനികള്‍ക്കൊപ്പമെത്താന്‍ കേരളവും ഇലക്ട്രിക് ഓട്ടോ വിപണിയില്‍ സാന്നിധ്യമറിയിച്ചു.

പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡിന്റെ(കെ.എ.എല്‍.) നീം എന്നു പേരിട്ട ഇലക്ട്രിക് റിക്ഷയുമായാണ് കേരളം വിപണിയിലേക്ക് ഇറങ്ങിയത്. ഡീസല്‍ ഓട്ടോകളുടെ ശബ്ദമുണ്ടാകില്ല. സാധാരണ ഓട്ടോയിലെ പോലെ പിറകില്‍ മൂന്ന് പേര്‍ക്ക് ഇരിക്കാനാവും. ഗിയറില്ലാത്ത ഓട്ടോക്ക് കയറ്റം കയറാന്‍ പ്രത്യേക പവര്‍ ഗിയറുണ്ട്. മൂന്ന് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 100 കിലോ മീറ്റര്‍ മൈലേജ് തുടങ്ങിയവയൊക്കെയായിരുന്നു നീമിന്റെ വാഗ്ദാനം.

2019 ജൂലൈയില്‍ മുഖ്യമന്ത്രിയാണ് നീം ഓട്ടോറിക്ഷയെ വിപണിയില്‍ അവതരിപ്പിച്ചത്. വര്‍ഷം 8000 ഓട്ടോറിക്ഷകള്‍ നിര്‍മിക്കാനാകുമെന്നായിരുന്നു ആ സമയത്ത് കെ.എ.എല്ലിന്റെ അവകാശവാദം. സര്‍ക്കാരിന്റെ പദ്ധതിയായതിനാല്‍ വിശ്വസിച്ച് പെട്രോള്‍, ഡീസല്‍ റിക്ഷകള്‍ ഒഴിവാക്കി കെ.എ.എല്ലിന്റെ ഇലക്ട്രിക് ഓട്ടോ വാങ്ങിയവരെ കാത്തിരുന്നത് പക്ഷെ പ്രതിസന്ധിയുടെ ഓട്ടമാണ്.

മറ്റെല്ലായിടത്തും സ്വകാര്യ ബഹുരാഷ്ട്ര കമ്പനികളാണ് ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലിറക്കിയത്. ചില സ്വകാര്യ സ്റ്റാര്‍ട്ടപ്പുകളും ഇലക്ട്രിക് വാഹനങ്ങളുമായി കളം പിടിച്ചു. എന്നാല്‍, രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇലക്ട്രിക് വാഹനം നിര്‍മിച്ച് പുറത്തിറക്കിയത്. അക്കാര്യത്തില്‍ കേരളം രാജ്യത്തിന് മാതൃകയുമായി. മൂന്ന് ലക്ഷം രൂപയില്‍ താഴെയാണ് ഒരു ഓട്ടോയ്ക്ക് വിലയിട്ടിരുന്നത്.

മറ്റ് സ്വകാര്യ കമ്പനികള്‍ക്ക് മൂന്ന് ലക്ഷം രൂപപയ്ക്കു മുകളിൽ വില നല്‍കേണ്ടിയിരുന്ന സ്ഥാനത്താണ് ഒരു പൊതുമേഖലാ സ്ഥാപനം അതിലും കുറഞ്ഞ വിലയ്ക്ക് നീം എന്ന പേരില്‍ ഓട്ടോറിക്ഷ വിപണിയിലിറക്കിയത്. ഇത് പലര്‍ക്കും ആകര്‍ഷകമായി തോന്നി. മാത്രമല്ല കേരളത്തില്‍ എല്ലാ ജില്ലകളിലും സര്‍വീസ് സെന്ററുകള്‍ ഉണ്ടാകുമെന്ന വാഗ്ദാനവും കൂടിയായപ്പോള്‍ കേരളത്തിന്റെ സ്വന്തം ഓട്ടോ വായ്പയെടുത്ത് ഉപജീവനമാര്‍ഗമാക്കാന്‍ നിരവധി ആളുകള്‍ മുന്നോട്ടുവന്നു.

ബാറ്ററി ചതിച്ചാശാനെ

ഓട്ടോ വാങ്ങിയ പലരെയും ആദ്യം വലച്ചത് ബാറ്ററിയുടെ പ്രശ്നമാണ്. കെ.എ.എല്ലിന്റെ നെയ്യാറ്റിന്‍കരയിലെ ആറാലുംമൂട്ടിലുള്ള ഫാക്ടറിയില്‍ ഓട്ടോയുടെ രൂപകല്‍പ്പനയും നിര്‍മാണവുമെല്ലാം നടന്നെങ്കിലും ബാറ്ററി മാത്രം മറ്റൊരു കമ്പനിയെയാണ്‌ ഏല്‍പ്പിച്ചത്. ബാറ്ററി സാങ്കേതികവിദ്യ കെ.എ.എല്ലിന്റെ പക്കലുണ്ടായിരുന്നില്ല. 60 വാട്ടിന്റെ ലിഥിയം അയണ്‍ ബാറ്ററിയാണ് ഓട്ടോയുടെ ശക്തി സ്രോതസ്. ഇന്‍ബില്‍റ്റ് ബാറ്ററി അല്ലാത്തതിനാല്‍ തന്നെ വീട്ടില്‍ വെച്ച് ചാര്‍ജ് ചെയ്യാനാകുന്ന തരത്തിലായിരുന്നു ഇതിന്റെ രൂപകല്പന.

വാഗ്ദാനം ചെയ്തതുപോലെ ഓട്ടോ വാങ്ങിയ മിക്കവര്‍ക്കും 100 കിലോ മീറ്റര്‍ അവകാശപ്പെട്ടിടത്ത് 90 കിലോമീറ്റര്‍ പോലും മൈലേജ് കിട്ടുന്നില്ല എന്നുള്ളതായിരുന്നു ആദ്യമുയര്‍ന്ന പ്രശ്‌നം. ബാറ്ററി മാറ്റിക്കൊടുക്കാൻ കെ.എ.എല്‍. തയ്യാറാകാതിരുന്നത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കി. പരാതികള്‍ കൂടിയതോടെ ജപ്പാനിലെ തോഷിബ കമ്പനിയുമായി ചേര്‍ന്ന് കൂടുതല്‍ മെച്ചപ്പെട്ട ബാറ്ററികള്‍ക്കായുള്ള ചര്‍ച്ചകള്‍ക്ക് സ്ഥാപനം തുടക്കമിട്ടു. എന്നിട്ടും ഫലമൊന്നുമുണ്ടായില്ല.

100 കിലോ മീറ്റര്‍ പറഞ്ഞെത്തിയ വാഹനം പരമാവധി 40 കിലോമീറ്റര്‍ ഓടിയാലായി. അത്രയും കിലോ മീറ്റര്‍ ഓടാന്‍ നാലു മണിക്കൂറോളം ചാര്‍ജ് ചെയ്യാന്‍ സമയം വേണ്ടിവരുന്നുവെന്നാണ് ഇവരുടെ പ്രധാന പരാതി.

സ്പെയര്‍ പാര്‍ട്സെവിടെ? സര്‍വീസ് സെന്ററോ? ആര്‍ക്കറിയാം

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളില്‍ പെട്രോള്‍, ഡീസല്‍ ഓട്ടോകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ 2019-ല്‍ തന്നെ തീരുമാനിച്ചിരുന്നു. ഈ തീരുമാനം നടപ്പായ സമയത്ത് സംസ്ഥാനത്ത് മറ്റ് കമ്പനികളുടെ ഇലക്ട്രിക് ഓട്ടോകള്‍ അങ്ങനെ പ്രചാരത്തിലുണ്ടായിരുന്നില്ല. ഈ സമയത്താണ് കെ.എ.എല്‍. ഇലക്ട്രിക് ഓട്ടോയുമായി വിപണിയിലെത്തിയത്. ആദ്യസമയത്ത് എല്ലാ ജില്ലകളിലും സര്‍വീസ് ലഭ്യമായിരുന്നു. വാഹനം നിര്‍മിച്ച് ഡിലര്‍മാര്‍ വഴിയാണ് ഉപഭോക്താക്കളിലേക്ക് എത്തിയിരുന്നത്. ആദ്യഘട്ടത്തില്‍ തന്നെ സര്‍വീസുകള്‍ മുടങ്ങിയതോടെ പല ജില്ലകളിലും ഡീലര്‍മാര്‍ കെ.എ.എല്ലുമായുള്ള ഡീലര്‍ഷിപ്പില്‍നിന്ന് പിന്മാറാന്‍ തുടങ്ങി.

ഇതോടെ ഊരാക്കുടുക്കില്‍ പെട്ടത് ഓട്ടോറിക്ഷ വാങ്ങിയവരായിരുന്നു. ബാങ്കുവായ്പയെടുത്ത് വാങ്ങിയ വാഹനം പാര്‍ട്സുകളും സര്‍വീസും ലഭിക്കാതായതോടെ കട്ടപ്പുറത്തായി. വായ്പ തിരിച്ചടയ്ക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ നോക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. കേരളത്തില്‍ തിരുവനന്തപുരത്ത് മാത്രമാണ് കെ.എ.എല്‍. നേരിട്ട് വാഹനങ്ങള്‍ വില്‍ക്കുന്നത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് നിലവില്‍ ജില്ലയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഇല്ല. എന്നാല്‍, ഡീലര്‍മാരില്‍നിന്ന് വാഹനം വാങ്ങിയവരാണ് പെട്ടത്. വാഹനം സര്‍വീസ് ചെയ്യാനോ ആവശ്യമുള്ള സ്പെയര്‍പാര്‍ട്സുകള്‍ വാങ്ങാനോ സാധിക്കാത്ത അവസ്ഥയിലായി കാര്യങ്ങള്‍.

മുമ്പ് കാര്‍ ഓടിച്ചാണ് കഴിഞ്ഞുപോയിരുന്നത്. വീട്ടിലുള്ളവര്‍ ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. അങ്ങനെയുള്ളപ്പോഴാണ് ഈ പദ്ധതി പ്രകാരം ഓട്ടോ കിട്ടുന്നത്. വലിയ ഉപകാരമെന്ന് കരുതിയിടത്ത് ഇന്ന് ഉപദ്രവമായി മാറിയിരിക്കുകയാണ് ഈ വണ്ടി. ഓടിക്കാന്‍ തുടങ്ങി ആറ് മാസം കഴിഞ്ഞപ്പോള്‍ തന്നെ വണ്ടിക്ക് പ്രശ്നങ്ങളായി. 100 കിലോ മീറ്ററെന്ന് പറഞ്ഞ് തന്ന വണ്ടിക്ക് 40 കിലോ മീറ്റര്‍ പോലും കിട്ടാത്ത അവസ്ഥയാണ്. ബാറ്ററിയുടെ പ്രശ്നങ്ങള്‍ കാരണം രണ്ടു തവണ അത് മാറി. എന്നിട്ടും കുഴപ്പങ്ങള്‍ മാറിയില്ല. മാത്രമല്ല ഈ വാഹനം ഉപയോഗിക്കാന്‍ തുടങ്ങിയതിന് പിന്നാലെ കാലിനും കൈകള്‍ക്കുമൊക്കെ വേദനയടക്കമുള്ള പ്രശ്നങ്ങളും വന്നു. ആദ്യം വണ്ടി നന്നാക്കാന്‍ കൊടുത്തിട്ട് മൂന്ന് മാസം കഴിഞ്ഞാണ് ബാറ്ററി മാറ്റി തന്നത്. അതിന് പിന്നാലെ പിന്നെയും ബാറ്ററിക്ക് പ്രശ്നങ്ങള്‍ വന്നു. ഇപ്പോള്‍ വാഹനം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. മിക്കപ്പോഴും വര്‍ക്ക്ഷോപ്പില്‍ കേറ്റേണ്ട വണ്ടി എങ്ങനെ ഉപയോഗിക്കാനാണ്?- ബീന, ഓട്ടോ ഡ്രെവര്‍

ഇതിന്റെ പേരില്‍ ഓട്ടോ വാങ്ങിയവര്‍ നിരവധി പ്രതിഷേധങ്ങളൊക്കെ ഉയര്‍ത്തിയെങ്കിലും ഇതുവരെ ബദല്‍ മാര്‍ഗങ്ങള്‍ കെ.എ.എല്‍. ഉറപ്പാക്കിയിട്ടില്ല. തിരുവനന്തപുരത്തും സമീപമുള്ള കൊല്ലം ജില്ലയിലുമുള്ളവര്‍ക്ക് വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്സിന് വേണ്ടി വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നില്ല. എന്നാല്‍, വടക്കന്‍ ജില്ലകളില്‍ പ്രതിസന്ധി രൂക്ഷമാണ്. വാഹനങ്ങള്‍ മിക്കതും ഓടിക്കാനാകാതെ കിടക്കുകയാണെന്നാണ് വാഹന ഉടമകള്‍ പറയുന്നത്. വായ്പാ തിരിച്ചടവിനായി മറ്റു ജോലി തേടേണ്ട ഗതികേടിലാണ്. രണ്ടു വര്‍ഷം ഗ്യാരന്റിയില്‍ പുറത്തിറങ്ങിയ ഭൂരിഭാഗം ഓട്ടോകളും കട്ടപ്പുറത്താണ്. സര്‍വീസും മറ്റും ലഭ്യമാക്കുന്നില്ലെങ്കില്‍ വാഹനങ്ങള്‍ തിരിച്ചെടുത്ത് പണം തിരികെ നല്‍കണമെന്നാണ് വാഹന ഉടമകള്‍ ആവശ്യപ്പെടുന്നത്.

കൊട്ടിഘോഷിച്ച് പുറത്തിറക്കിയ ഓട്ടോയ്ക്ക് നേപ്പാളില്‍നിന്നും ശ്രീലങ്കയില്‍നിന്നും ഓര്‍ഡര്‍ വന്നിരുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. നോപ്പാളിലേക്ക് 500 ഓട്ടോയാണ് കയറ്റി അയയ്ക്കുക എന്നായിരുന്നു അറിയിച്ചിരുന്നത്. 25 ഓട്ടോ ആദ്യ ഘട്ടത്തില്‍ കയറ്റി അയച്ചു. പിന്നാലെ കോവിഡും ലോക്ക്ഡൗണും വന്നതോടെ ഉത്പാദനം ഗണ്യമായി കുറഞ്ഞു. ഇപ്പോള്‍ ചരക്ക് നീക്കത്തിനുപയോഗിക്കുന്ന ഇ- കാര്‍ട്ട് വാഹനങ്ങള്‍ക്കാണ് മുന്‍ഗണനയെന്നാണ് ആരോപണം. ഗ്രീന്‍ സ്ട്രീമെന്ന പേരിലാണ് ഇ- കാര്‍ട്ട് വാഹനം നിര്‍മിക്കുന്നത്.

ഒന്നേകാല്‍ ലക്ഷം വാഹനങ്ങള്‍ വിറ്റു, ഒരു ലക്ഷം ഉടമകള്‍

കെ.എ.എല്ലിന്റെ വെബ്സൈറ്റിലെ വിവരങ്ങള്‍ പ്രകാരം ഒരു ലക്ഷത്തോളം ആളുകള്‍ക്കായി ഒന്നേകാല്‍ ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചിട്ടുള്ളത്. സംസ്ഥാനത്താകെ 300 ഡീലര്‍മാരുണ്ടെന്നും സ്ഥാപനം അവകാശപ്പെടുന്നു. എന്നാല്‍, മിക്ക ജില്ലകളില്‍ നിന്നും ഡീലര്‍മാര്‍ കെ.എ.എല്ലുമായുള്ള ഡീലര്‍ഷിപ്പില്‍നിന്ന് പിന്മാറുന്നതായാണ് വിവരങ്ങള്‍. കെ.എ.എല്ലിന്റെ ഡീലര്‍ഷിപ്പില്‍നിന്ന് മാറുന്നവര്‍ സ്വകാര്യ കമ്പനികളുടെ ഡീലര്‍മാരാകുന്നുമുണ്ട്. അങ്ങനെ മിക്ക ജില്ലകളിലും കെ.എ.എല്ലിനെ മറികടന്ന് സ്വകാര്യ കമ്പനികള്‍ വിപണി പിടിക്കുകയും ചെയ്തു. കെ.എ.എല്ലിന്റെ ഓട്ടോയുടെ പ്രശ്നങ്ങള്‍ നിരവധിയായതോടെ പുതിയ ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങാന്‍ ആളുകള്‍ക്ക് താത്പര്യവും കുറഞ്ഞു.

തിരുവനന്തപുരം നഗരത്തിനും സമീപത്തുമുള്ളവര്‍ക്ക് ഫാക്ടറിയില്‍നിന്ന് നേരിട്ട് സ്പെയര്‍ പാര്‍ട്സുകള്‍ ലഭിക്കും. എന്നാല്‍, എന്തെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആറാലുമൂട്ടിലുള്ള ഫാക്ടറിയില്‍ നേരിട്ട് വാഹനമെത്തിക്കണം. അങ്ങനെ ചെയ്താല്‍ തന്നെ വാഹനം പണി തീര്‍ത്ത് കിട്ടാന്‍ താമസമെടുക്കുമെന്നതിനാല്‍ ആരും അതിന് മുതിരാറില്ല. പാര്‍ട്സുകള്‍ വാങ്ങി പുറത്ത് വര്‍ക്ക് ഷോപ്പില്‍ വെച്ച് നന്നാക്കുകയാണ് ഇപ്പോള്‍.


കടപ്പാട് /മാതൃഭൂമി 

Comments

Popular posts from this blog

"ആലപ്പുഴയിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ തീപ്പിടിത്തം. "

"ആലപ്പുഴയിൽ മൂന്ന് യാത്രക്കാരുമായി പോയ ഹൗസ് ബോട്ട് കായലിൽ മുങ്ങി''

പങ്കാളിയെ കൈമാറിയ കേസ്; പരാതിക്കാരിയെ വെട്ടിക്കൊന്നശേഷം വിഷംകഴിച്ച ഭര്‍ത്താവും മരിച്ചു.